അവലോകനം
അത്യാധുനിക മോഡലുകളിൽ അധിഷ്ഠിതവും നിർമിതബുദ്ധി അടിസ്ഥാനഘടകമായുള്ളതുമായ ഒരു LaTeX വർക്ക്സ്പേസാണ് Prism. ഗവേഷകർക്ക് ഒരുമിച്ച് പ്രവർത്തിക്കാനും ചിന്തിക്കാനും എഴുതാനും പരിഷ്കരണങ്ങൾ നടത്താനും കൂടുതൽ വേഗത്തിൽ കഴിയുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ ഉൾച്ചേർത്തിരിക്കുന്ന ബുദ്ധിശേഷി ശാസ്ത്രീയ പ്രവർത്തനങ്ങളുടെ വേഗവും ആഴവും വർധിപ്പിക്കുന്നു.
സാധാരണ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും കൂടുതൽ സഹായം എവിടെ ലഭിക്കുമെന്നും ഈ മാർഗദർശിയിൽ വിവരിക്കുന്നു.
Prism ഉപയോഗിക്കുക
Business അല്ലെങ്കിൽ Enterprise വർക്ക്സ്പേസിൽ ഇപ്പോഴോ മുൻപൊരിക്കലുമോ അംഗങ്ങളായിട്ടില്ലാത്ത, Free, Go, Plus അല്ലെങ്കിൽ Pro ChatGPT അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കൾക്കും prism.openai.com എന്ന വിലാസത്തിൽ Prism ലഭ്യമാണ്. സമീപഭാവിയിൽ Business, Enterprise, Edu എന്നിവയിലേക്കും ലഭ്യത വ്യാപിപ്പിക്കും.
Prism-ൽ ഉൾച്ചേർത്തിരിക്കുന്ന ബുദ്ധിശേഷി ഉപയോഗിക്കുക
OpenAI-യുടെ അത്യാധുനിക മോഡലുകളിൽ പ്രവർത്തിക്കുന്ന ഒരു സഹായി Prism എഡിറ്ററിൽത്തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ പ്രമാണത്തിന്റെ സന്ദർഭം മനസ്സിലാക്കുന്ന ഈ സഹായിക്ക്, എഡിറ്റർ വിട്ടുപോകാതെതന്നെ LaTeX സൃഷ്ടിക്കാനും പിശകുകളുടെ കാരണം കണ്ടെത്താനും പരിഹാരങ്ങൾ നിർദേശിക്കാനും സഹായിക്കാനാകും. വർക്ക്സ്പേസിന്റെ താഴെയുള്ള പാനലിൽനിന്ന് ഈ സഹായിയെ ഉപയോഗിക്കാം.
LaTeX കോഡ് ഭാഗങ്ങൾ സൃഷ്ടിക്കുക: സാധാരണ LaTeX ഘടകങ്ങൾ സൃഷ്ടിക്കാൻ Prism-നോട് ആവശ്യപ്പെടുക. ഉദാഹരണത്തിന്, “ഒരു 4×4 പട്ടിക സൃഷ്ടിക്കുക” അല്ലെങ്കിൽ “അടിക്കുറിപ്പുള്ള ഒരു ചിത്രം ചേർക്കുക.” ഉപയോഗിക്കാൻ തയ്യാറായ LaTeX കോഡ് Prism നൽകും. അത് നേരിട്ട് പ്രോജക്റ്റിൽ ചേർക്കാനായി നിലനിർത്തുക, പഴയപടിയാക്കുക എന്നീ ഓപ്ഷനുകളും നൽകും.
കംപൈലേഷൻ പ്രശ്നങ്ങളുടെ കാരണം കണ്ടെത്തുക: നിങ്ങളുടെ പ്രമാണം കംപൈൽ ആകുന്നില്ലെങ്കിൽ, പാനലിൽ പ്രശ്നം വിവരിക്കുക (ഉദാഹരണത്തിന്, “എന്റെ പ്രമാണം കംപൈൽ ആകുന്നില്ല”). വ്യക്തത വരുത്താനുള്ള ചോദ്യങ്ങൾ Prism ചോദിക്കും. കമാൻഡുകൾ വിട്ടുപോയതോ റഫറൻസുകൾ കണ്ടെത്താനാകാത്തതോ പോലുള്ള സാധ്യതയുള്ള കാരണങ്ങൾ തിരിച്ചറിയാൻ അത് നിങ്ങളെ സഹായിക്കും.
പിശകുകൾ അതേ ഇടത്തുതന്നെ തിരുത്തുക: എഡിറ്ററിന്റെ അരികിൽ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ അടയാളങ്ങളായി പിശകുകളും മുന്നറിയിപ്പുകളും കാണാം. ഒരു പ്രത്യേക പിശക് തിരുത്താൻ നിങ്ങൾക്ക് Prism-നോട് ആവശ്യപ്പെടാം. ബന്ധപ്പെട്ട വരികൾ വിശകലനം ചെയ്ത്, എന്താണ് തെറ്റെന്ന് വിശദീകരിക്കുകയും അതിനാവശ്യമായ തിരുത്തലുകൾ നിർദേശിക്കുകയും ചെയ്യും. നിർദേശം നേരിട്ട് പ്രയോഗിച്ച് വീണ്ടും കംപൈൽ ചെയ്ത് പിശക് പരിഹരിച്ചെന്ന് ഉറപ്പാക്കാം.
പ്രൂഫ് വായിക്കുക: ഒരു ഭാഗം പ്രൂഫ് വായിച്ച് പിശകുകളോ യുക്തിയിലെ വിടവുകളോ എടുത്തുകാട്ടാനും ആ ഭാഗത്തിന്റെ വ്യക്തത മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകാനും Prism-നോട് ആവശ്യപ്പെടുക. എഴുത്തിന്റെ ഗുണനിലവാരത്തെയും വസ്തുതകളുടെ കൃത്യതയെയും കുറിച്ചുള്ള അഭിപ്രായങ്ങൾ ലഭിക്കാൻ പ്രബന്ധ അവലോകനം പോലുള്ള നൈപുണ്യങ്ങൾ ഉപയോഗിക്കാം.
ഗവേഷണസാഹിത്യ തിരയൽ: ഞാൻ വിട്ടുപോയിരിക്കാവുന്ന ബന്ധപ്പെട്ട പഠനങ്ങൾ നിർദേശിക്കുന്നതടക്കം എന്റെ പ്രബന്ധത്തിലേക്ക് ഒരു ഗ്രന്ഥസൂചി ചേർക്കുക.
കംപൈലേഷൻ പിശകുകളുടെ കാരണം കണ്ടെത്തുക
നിങ്ങളുടെ LaTeX പ്രമാണം കംപൈൽ ആകുന്നില്ലെങ്കിൽ, ഇനിപ്പറയുന്ന ഘട്ടങ്ങൾ പരീക്ഷിക്കുക:
പിശക് സൂചിപ്പിക്കുന്ന അടയാളം പരിശോധിക്കുക: Prism പ്രശ്നം കണ്ടെത്തിയ ഇടങ്ങൾ ചുവപ്പ്, മഞ്ഞ അടയാളങ്ങൾ ഉപയോഗിച്ച് എടുത്തുകാട്ടുന്നു. വിശദാംശങ്ങൾ കാണാൻ അടയാളത്തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, പിശകിന്റെ കാരണം കണ്ടെത്താൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള സഹായിയെ ഉപയോഗിക്കുക.
കംപൈലേഷൻ രേഖ പരിശോധിക്കുക: കംപൈലേഷൻ പരാജയപ്പെടുമ്പോൾ, PDF പ്രിവ്യൂ പാനലിൽ കംപൈലേഷൻ രേഖ കാണിക്കും. ആദ്യത്തെ പിശക് സന്ദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക (ഉദാഹരണത്തിന്, \end{document} ഇല്ലാത്തത്). പിന്നീടുള്ള പിശകുകൾ പലപ്പോഴും ആദ്യ പിശകിന്റെ തുടർഫലങ്ങളായിരിക്കും. കൂടുതൽ കൃത്യമായ മാർഗനിർദേശത്തിനായി ഈ സന്ദേശം Prism-മായി പങ്കിടുക.
സമീപകാല മാറ്റങ്ങൾ പഴയപടിയാക്കുക: അടുത്തിടെ നടത്തിയ ഒരു തിരുത്തലിന് ശേഷമാണ് പിശക് വന്നതെങ്കിൽ, ആ മാറ്റം പഴയപടിയാക്കുകയോ താൽക്കാലികമായി കമന്റാക്കി മാറ്റുകയോ ചെയ്ത് കംപൈലേഷൻ വിജയിക്കുന്നുണ്ടോ എന്ന് നോക്കുക.
ഏറ്റവും ലളിതമായ ഉദാഹരണത്തിലേക്ക് ചുരുക്കുക: പ്രശ്നങ്ങൾ തുടരുകയാണെങ്കിൽ, അത്യാവശ്യ ഉള്ളടക്കം മാത്രം നിലനിർത്തി പ്രമാണം ലളിതമാക്കുക. ബന്ധമില്ലാത്ത ഭാഗങ്ങൾ നീക്കുന്നത് പിശകിന്റെ ഉറവിടം കണ്ടെത്താൻ സഹായിക്കും.
സാധാരണ പ്രശ്നങ്ങൾ ഒഴിവാക്കുക
ലോഗിൻ ചെയ്ത നിലയിൽ തുടരുക: മാറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നും തുടർന്നുള്ള സെഷനുകളിലും ലഭ്യമാകുന്നുവെന്നും ഉറപ്പാക്കാൻ എപ്പോഴും ലോഗിൻ ചെയ്തശേഷം പ്രവർത്തിക്കുക.
പിന്തുണയുള്ള പാക്കേജുകൾ ഉപയോഗിക്കുക: സാധാരണയായി ഉപയോഗിക്കുന്ന നിരവധി LaTeX പാക്കേജുകളെ Prism പിന്തുണയ്ക്കുന്നു. അപൂർവമായി ഉപയോഗിക്കുന്നതോ കാലഹരണപ്പെട്ടതോ പരിപാലിക്കപ്പെടാത്തതോ ആയ പാക്കേജുകൾ അപ്രതീക്ഷിത കംപൈലേഷൻ പിശകുകൾക്ക് കാരണമായേക്കാം.
ഘട്ടംഘട്ടമായി തിരുത്തുക: ചെറിയ മാറ്റങ്ങൾ വരുത്തുകയും ഇടയ്ക്കിടെ കംപൈൽ ചെയ്യുകയും ചെയ്യുക. ഏത് തിരുത്തലാണ് പിശകിന് കാരണമായതെന്ന് കണ്ടെത്താനും വേഗത്തിൽ പരിഹരിക്കാനും ഇത് സഹായിക്കും.
LaTeX പ്രോജക്റ്റുകൾ Prism-ലേക്ക് മാറ്റുക
നിലവിലുള്ള LaTeX പ്രോജക്റ്റുകൾ Overleaf-ൽനിന്നോ നിങ്ങളുടെ കമ്പ്യൂട്ടറിൽനിന്നോ Prism-ലേക്ക് മാറ്റുന്നത് എങ്ങനെയെന്ന് ഈ മാർഗദർശി വിശദീകരിക്കുന്നു. പ്രോജക്റ്റുകൾ ഇംപോർട്ട് ചെയ്യുന്നത് എല്ലാം ഒരിടത്ത് സൂക്ഷിക്കാനും ഫയലുകൾ കൈകൊണ്ട് വീണ്ടും സൃഷ്ടിക്കാതെ ജോലി തുടരാനും സഹായിക്കുന്നു.
Overleaf-ൽനിന്ന് പ്രോജക്റ്റുകൾ ഇംപോർട്ട് ചെയ്യുക
Overleaf-ൽനിന്ന് Prism-ലേക്ക് ഒരു പ്രോജക്റ്റ് മാറ്റാൻ, ആദ്യം Overleaf-ൽനിന്ന് പ്രോജക്റ്റ് ഫയലുകൾ ഡൗൺലോഡ് ചെയ്യുക. തുടർന്ന് അവ Prism-ലേക്ക് അപ്‌ലോഡ് ചെയ്യുക.
ഒരു പ്രോജക്റ്റ് ഡൗൺലോഡ് ചെയ്യുക
നിങ്ങളുടെ Overleaf പ്രോജക്റ്റ് ഡാഷ്ബോർഡ് തുറക്കുക.
നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന പ്രോജക്റ്റ് കണ്ടെത്തുക.
പ്രോജക്റ്റിന്റെ പേരുള്ള അതേ വരിയിലെ ഡൗൺലോഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.
Overleaf മുഴുവൻ പ്രോജക്റ്റും ഒരു .zip ഫയലായി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്യും.

ഒന്നിലധികം പ്രോജക്റ്റുകൾ ഡൗൺലോഡ് ചെയ്യുക
നിങ്ങളുടെ Overleaf പ്രോജക്റ്റ് പട്ടിക തുറക്കുക.
ഓരോ വരിയുടെയും തുടക്കത്തിലുള്ള ചെക്ക്ബോക്സ് ഉപയോഗിച്ച് പ്രോജക്റ്റുകൾ തിരഞ്ഞെടുക്കുക.

എല്ലാം തിരഞ്ഞെടുക്കാൻ പട്ടികയിലെ ആദ്യത്തെ ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്യുക.
തിരഞ്ഞെടുത്തശേഷം പ്രോജക്റ്റ് പട്ടികയുടെ മുകളിൽ വലതുഭാഗത്തുള്ള ഡൗൺലോഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.

തിരഞ്ഞെടുത്ത പ്രോജക്റ്റുകൾ .zip ഫയലുകളായി ഡൗൺലോഡ് ചെയ്യും.
Prism-ലേക്ക് പ്രോജക്റ്റുകൾ ഇംപോർട്ട് ചെയ്യുക

Prism-ലേക്ക് മൂന്ന് രീതിയിൽ പ്രോജക്റ്റുകൾ ഇംപോർട്ട് ചെയ്യാം: ഒരു ഫോൾഡർ അപ്‌ലോഡ് ചെയ്യുക, ഒരു .zip ആർക്കൈവ് അപ്‌ലോഡ് ചെയ്യുക, അല്ലെങ്കിൽ എല്ലാ പ്രോജക്റ്റുകളും എന്ന കാഴ്ചയിലേക്ക് ഫയലുകൾ വലിച്ചിടുക.
ഇംപോർട്ട് മെനുവിൽനിന്ന് ഒരു പ്രോജക്റ്റ് ഇംപോർട്ട് ചെയ്യാൻ:
Prism തുറന്ന് ഇംപോർട്ട് എന്നതിലേക്ക് പോകുക.
ഇംപോർട്ട് രീതി തിരഞ്ഞെടുക്കാൻ ഇംപോർട്ട് എന്നതിന് അടുത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്യുക.
ഇനിപ്പറയുന്നവയിൽ ഒന്ന് തിരഞ്ഞെടുക്കുക:
Prism തുറന്ന് ഇംപോർട്ട് ഓപ്ഷനിലേക്ക് പോകുക.
ഇംപോർട്ട് രീതി തിരഞ്ഞെടുക്കാൻ ഇംപോർട്ട് എന്നതിന് അടുത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്യുക.
ഇനിപ്പറയുന്നവയിൽ ഒന്ന് തിരഞ്ഞെടുക്കുക:
ഒരു .zip ഫയൽ ഇംപോർട്ട് ചെയ്യുക: നിങ്ങളുടെ കമ്പ്യൂട്ടറിൽനിന്ന് ഡൗൺലോഡ് ചെയ്ത പ്രോജക്റ്റ് ആർക്കൈവ് തിരഞ്ഞെടുക്കുക. Prism സ്വയമേവ ആർക്കൈവിലെ ഫയലുകൾ പുറത്തെടുത്ത് പ്രോജക്റ്റ് ലോഡ് ചെയ്യും.
ഒരു ഫോൾഡർ ഇംപോർട്ട് ചെയ്യുക: നിങ്ങളുടെ കമ്പ്യൂട്ടറിൽനിന്ന് പ്രോജക്റ്റ് ഫോൾഡർ തിരഞ്ഞെടുക്കുക. Prism നിങ്ങളുടെ .tex ഫയലുകൾ, ഗ്രന്ഥസൂചി ഫയലുകൾ, ചിത്രങ്ങൾ, മറ്റ് പ്രോജക്റ്റ് വിഭവങ്ങൾ എന്നിവ ഇംപോർട്ട് ചെയ്യും.
വലിച്ചിട്ട് ഇംപോർട്ട് ചെയ്യാൻ: എല്ലാ പ്രോജക്റ്റുകളും എന്ന കാഴ്ചയിൽ, ഒരു പ്രോജക്റ്റ് ഫോൾഡറോ .zip ഫയലോ Prism-ലേക്ക് വലിച്ചിടുക. Prism സ്വയമേവ ഒരു പുതിയ പ്രോജക്റ്റ് സൃഷ്ടിച്ച് നിങ്ങൾക്കായി ഫയലുകൾ ഇംപോർട്ട് ചെയ്യും.
അപ്‌ലോഡ് പൂർത്തിയായാൽ, തിരുത്തലും കംപൈലേഷനും ആരംഭിക്കാനായി Prism മുഴുവൻ പ്രോജക്റ്റും തുറക്കും.
പതിവുചോദ്യങ്ങൾ
അക്കൗണ്ട്, സുരക്ഷ, ബില്ലിംഗ്
ചോദ്യം: നിങ്ങളുടെ പ്രൈവസി പോളിസി എവിടെ കാണാം? ഉത്തരം: Prism പ്രൈവസി പോളിസി ഇവിടെ കാണാം.
ചോദ്യം: എന്റെ ഡാറ്റ ഉപയോഗിച്ച് നിങ്ങൾ മോഡലുകളെ പരിശീലിപ്പിക്കാറുണ്ടോ? ഉത്തരം: ഞങ്ങളുടെ പ്രൈവസി പോളിസി അനുസരിച്ച്, ഞങ്ങളുടെ മോഡലുകൾ മെച്ചപ്പെടുത്താൻ തങ്ങളുടെ ഡാറ്റ ഉപയോഗിക്കണമോ എന്നതിൽ ഉപയോക്താക്കൾക്ക് പൂർണ നിയന്ത്രണമുണ്ട്.
ചോദ്യം: നിങ്ങൾ “സീറോ ഡാറ്റ റിട്ടെൻഷൻ” (ZDR) ഉപയോഗിക്കുന്നുണ്ടോ? എന്തൊക്കെ രേഖപ്പെടുത്തുന്നു, എത്രകാലം സൂക്ഷിക്കുന്നു? ഉത്തരം: Prism നിലവിൽ “സീറോ ഡാറ്റ റിട്ടെൻഷൻ” (ZDR) API ഓപ്ഷൻ ഉപയോഗിക്കുന്നില്ല. ഉൽപ്പന്നം മെച്ചപ്പെടുത്താനായി അഭ്യർഥനകൾക്കുശേഷം ഒരു നിശ്ചിത കാലയളവുവരെ രേഖകൾ സൂക്ഷിക്കുന്നു.
ചോദ്യം: എഴുത്തൊന്നും സൂക്ഷിക്കുകയോ മനുഷ്യർ പരിശോധിക്കുകയോ ചെയ്യാത്ത സ്വകാര്യതാ മോഡും കൂടാതെ/അല്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽ മാത്രമുള്ള ഡാറ്റ റെസിഡൻസിയും നിങ്ങൾ നൽകുന്നുണ്ടോ? ഉത്തരം: ഇവ ഉപയോക്താക്കൾ ആവശ്യപ്പെട്ടിട്ടുള്ള സവിശേഷതകളാണ്. ഭാവി വികസന പദ്ധതികളിലും ചെയ്യാനുള്ള കാര്യങ്ങളുടെ പട്ടികയിലും ഇവ ഉൾപ്പെട്ടിട്ടുണ്ട്, എന്നാൽ ഇതുവരെ സമയപരിധി ഉറപ്പുനൽകിയിട്ടില്ല.
പങ്കിടലും സഹകരണവും
ചോ: “ആർക്കും തിരുത്താം” എന്ന ലിങ്ക് എനിക്ക് പങ്കിടാനാകാത്തത് എന്തുകൊണ്ട്? ഡ്രോപ്പ്ഡൗണിൽ “ആർക്കും കാണാം” എന്ന ഓപ്ഷൻ മാത്രമേയുള്ളൂ. ഉ: നിലവിൽ ഇത് ഉദ്ദേശിച്ചുള്ള രൂപകൽപ്പനയാണ്. ലിങ്ക് ഉപയോഗിച്ച് “ആർക്കും തിരുത്താവുന്ന” രീതിയിൽ പങ്കിടുന്നത് ഇതുവരെ പിന്തുണയ്ക്കുന്നില്ല. എഡിറ്റർമാരെ Prism അക്കൗണ്ടുള്ള സഹകാരികളായി ചേർക്കണം.
ചോ: സഹകാരികൾക്ക് ക്ഷണ ഇമെയിലുകൾ ലഭിക്കുന്നില്ല. അവർക്ക് പ്രോജക്റ്റ് എങ്ങനെ ആക്‌സസ് ചെയ്യാം? ഉ: സ്പാം അല്ലെങ്കിൽ ജങ്ക് ഫോൾഡർ പരിശോധിക്കാനും ക്ഷണം ലഭിച്ച ഇമെയിൽ വിലാസം ഉപയോഗിച്ച് ലോഗിൻ ചെയ്യാനും അവരോട് ആവശ്യപ്പെടുക. ആദ്യമായി ലോഗിൻ ചെയ്തശേഷം പങ്കിട്ട പ്രോജക്റ്റ് അവർക്ക് ദൃശ്യമാകണം.
പ്രോജക്റ്റ് ഇംപോർട്ടും എക്‌സ്‌പോർട്ടും
ചോ: എന്റെ ZIP അപ്‌ലോഡ് അല്ലെങ്കിൽ ഇംപോർട്ട് “നിങ്ങളുടെ പ്രോജക്റ്റ് ഇംപോർട്ട് ചെയ്യുന്നു” എന്ന നിലയിൽ കുടുങ്ങിയിരിക്കുന്നു. എന്തുചെയ്യണം? ഉ: വീണ്ടും അപ്‌ലോഡ് ചെയ്യുക. വീണ്ടും ശ്രമിച്ചിട്ടും കുടുങ്ങിയിരിക്കുകയാണെങ്കിൽ, ഇംപോർട്ട് പ്രക്രിയയിലെ പിശക് കണ്ടെത്താൻ ZIP ഫയൽ സഹായവിഭാഗവുമായി പങ്കിടുക.
ചോ: എന്റെ പ്രോജക്റ്റ് ZIP ആയി എങ്ങനെ എക്‌സ്‌പോർട്ട് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം? ഉ: പ്രോജക്റ്റിന്റെ പേരിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് പ്രോജക്റ്റിന്റെ കംപ്രസ് ചെയ്ത പകർപ്പ് ഡൗൺലോഡ് ചെയ്യാൻ എക്‌സ്‌പോർട്ട് തിരഞ്ഞെടുക്കുക. എക്‌സ്‌പോർട്ട് ചെയ്യാനാകുന്നതിനുമുമ്പ് ബാക്കെൻഡ് കണക്ഷൻ സ്ഥാപിക്കാൻ ഏതാനും സെക്കൻഡ് എടുത്തേക്കാം.
വിശ്വാസ്യത, സേവനതടസ്സങ്ങൾ, കണക്റ്റിവിറ്റി
ചോ: പുതുക്കിയശേഷം എന്റെ പ്രോജക്റ്റുകൾ അപ്രത്യക്ഷമായി. അവ നഷ്ടപ്പെട്ടോ? ഉ: വീണ്ടും പുതുക്കി പ്രോജക്റ്റ് പട്ടിക പരിശോധിക്കുക. നിങ്ങളുടെ ഡാറ്റ വീണ്ടും ദൃശ്യമാകണം.
ചോ: പേജ് പുതുക്കിയശേഷം എന്റെ പ്രോജക്റ്റുകൾ അപ്രത്യക്ഷമായി. അവ നഷ്ടപ്പെട്ടോ? ഉ: ഒരു സേവനദാതാവിന്റെ തടസ്സത്തിനിടെ ഇത് സംഭവിക്കാം. വീണ്ടും ശ്രമിക്കുക. നിങ്ങളുടെ പ്രോജക്റ്റുകൾ വീണ്ടും ദൃശ്യമാകണം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ, അവ വീണ്ടെടുക്കാൻ സഹായവിഭാഗത്തിന് സഹായിക്കാനാകും.
ചോ: സൈറ്റ് പ്രവർത്തനരഹിതമാണെന്ന് തോന്നുന്നു, അല്ലെങ്കിൽ ബാക്കെൻഡുമായി ബന്ധിപ്പിക്കാനാകില്ലെന്ന് ആപ്പ് പറയുന്നു. എന്തുചെയ്യണം? ഉ: വീണ്ടും ശ്രമിക്കുകയോ പേജ് വീണ്ടും ലോഡ് ചെയ്യുകയോ ചെയ്യുക. പ്രശ്നം തുടരുകയാണെങ്കിൽ, നിങ്ങൾ കാണുന്നതിന്റെ വിശദാംശങ്ങളും സാധ്യമെങ്കിൽ ഒരു പ്രോജക്റ്റ് ലിങ്കും സഹായവിഭാഗത്തിന് അയയ്ക്കുക. അപ്പോൾ പ്രശ്നം അന്വേഷിക്കാനാകും.
ഡാറ്റയുടെ സമഗ്രത, വീണ്ടെടുക്കൽ, ബാക്കപ്പുകൾ, പതിപ്പ് ചരിത്രം
ചോ: എന്റെ ഡോക്യുമെന്റ് പ്രതികരിക്കാതായി, തുടർന്ന് ഉള്ളടക്കം അപ്രത്യക്ഷമാകുകയും കമന്റ് ആങ്കറുകൾ നീങ്ങുകയും ചെയ്തു. അത് പുനഃസ്ഥാപിക്കാനാകുമോ? ഉ: ആദ്യം ഒരു .zip ബാക്കപ്പ് ഡൗൺലോഡ് ചെയ്യുക. മുമ്പത്തെ പതിപ്പ് പുനഃസ്ഥാപിക്കാൻ സഹായിച്ചേക്കാവുന്ന പതിപ്പ് ചരിത്രവും Prism-ൽ ലഭ്യമാണ്. കമന്റ് ആങ്കറുകളുടെ സ്ഥാനങ്ങൾ എല്ലായ്‌പ്പോഴും വീണ്ടെടുക്കാനാകണമെന്നില്ല; നിലവിൽ ബാക്കപ്പുകൾക്കൊപ്പം കമന്റുകൾ എക്‌സ്‌പോർട്ട് ചെയ്യുന്നുമില്ല. ഫോർമാറ്റിങ് മാറിയിട്ടുണ്ടെങ്കിൽ, അത് ശരിയാക്കാൻ കോഡ് ഫോർമാറ്റർ പരീക്ഷിക്കുക.
ചോ: ഒരു പ്രോജക്റ്റ് വീണ്ടും തുറന്നപ്പോൾ ഫയലുകളും ഉള്ളടക്കവും പഴയ നിലയിലാവുകയോ അപ്രത്യക്ഷമാവുകയോ ചെയ്തു. എന്താണ് സംഭവിച്ചത്? ഉ: ഉപയോഗം പെട്ടെന്ന് വർധിച്ചപ്പോൾ ആവശ്യത്തിനൊത്ത് പ്രവർത്തിക്കാനാകാത്ത ഒരു ബാഹ്യ സേവനദാതാവിനെയാണ് കുറച്ചുകാലം പ്രോജക്റ്റുകൾ സംരക്ഷിക്കാൻ ആശ്രയിച്ചിരുന്നത്. കണക്ഷൻ പിശകുകൾ കുറയ്ക്കാനും പ്രശ്നം ആവർത്തിക്കാതിരിക്കാനും സംരക്ഷണ സംവിധാനം ഒരു ആന്തരിക സിസ്റ്റത്തിലേക്ക് മാറ്റുകയും കൂടുതൽ സുരക്ഷാ നടപടികൾ ചേർക്കുകയും ചെയ്തു.
ചോ: കമന്റുകളുടെ സ്ഥാനങ്ങൾ വീണ്ടെടുക്കാനാകുമോ? പ്രോജക്റ്റ് ബാക്കപ്പുകളിൽ കമന്റുകൾ ഉൾപ്പെടുമോ? ഉ: സംഭവശേഷം കമന്റുകളുടെ സ്ഥാനങ്ങൾ വീണ്ടെടുക്കാനാകണമെന്നില്ല. ഭാവിയിലെ സംഭവങ്ങളിൽ വീണ്ടെടുക്കാനായി ഇപ്പോൾ നിശ്ചിത ഇടവേളകളിൽ ബാക്കപ്പുകൾ എടുക്കുന്നുണ്ട്, ഉദാഹരണത്തിന് ഏകദേശം ഓരോ 10 മിനിറ്റിലും. എന്നാൽ ZIP ബാക്കപ്പുകളിൽ നിലവിൽ കമന്റുകൾ എക്‌സ്‌പോർട്ട് ചെയ്യുന്നില്ല.
സംയോജനങ്ങൾ
Zotero
ചോദ്യം: Zotero ഗ്രൂപ്പ് ലൈബ്രറികൾ Prism-ലേക്ക് ഇംപോർട്ട് ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ഉത്തരം: Zotero ഗ്രൂപ്പ് ലൈബ്രറികൾക്ക് ഇതുവരെ പിന്തുണയില്ല. വ്യക്തിഗത ലൈബ്രറികൾ പ്രവർത്തിക്കും, എന്നാൽ ഗ്രൂപ്പ് ലൈബ്രറികൾ നിലവിൽ പിന്തുണയ്ക്കുന്നില്ല.
ചോദ്യം: എന്റെ Zotero സംയോജനം പ്രവർത്തിക്കാതെ നിൽക്കുന്നു (ഉദാ., അക്കൗണ്ടുകളോ API കീകളോ മാറ്റിയശേഷം). ഇത് എങ്ങനെ പരിഹരിക്കാം? ഉത്തരം: മുൻ ഉപയോക്താവിൽനിന്നോ അജ്ഞാത ഉപയോക്താവിൽനിന്നോ സംയോജനം വേർപെടുത്താൻ സഹായസംഘത്തിന് നിങ്ങളുടെ Zotero സംഖ്യാ ഐഡി ആവശ്യമാണ് (ഉപയോക്തൃനാമമല്ല). അതിനുശേഷം നിങ്ങളുടെ അക്കൗണ്ടുമായി അത് വീണ്ടും ബന്ധിപ്പിക്കാം. ഇത് ചെയ്യുന്നതിന്റെ ഉദാഹരണം: https://www.youtube.com/watch?v=7vDiZ8o_eHk
Git
ചോദ്യം: Git (GitHub/GitLab) വഴി ഒരു Prism പ്രോജക്റ്റ് ക്ലോൺ ചെയ്യാനോ എന്റെ സ്ഥാപനത്തിന്റെ Git പ്ലാറ്റ്‌ഫോമുമായി സമന്വയിപ്പിച്ച് നിലനിർത്താനോ കഴിയുമോ? ഉത്തരം: Git സംയോജനം ഇതുവരെ ലഭ്യമല്ല, എന്നാൽ വരാനിരിക്കുന്ന വികസന പദ്ധതികളിൽ ഇതിന് ഉയർന്ന മുൻഗണനയുണ്ട്.
LaTeX ബിൽഡും പ്രശ്നപരിഹാരവും
ചോദ്യം: പഴയ അനുബന്ധ ഫയലുകൾ നീക്കി പുതുതായി ബിൽഡ് ചെയ്യുന്നത് എങ്ങനെ (Aux/toc/bbl ഫയലുകൾ മായ്ക്കുന്നത്)? ഉത്തരം: പേജ് വീണ്ടും ലോഡ് ചെയ്യുക. പേജ് പുതുക്കുമ്പോൾ പഴയ അനുബന്ധ ഫയലുകളില്ലാതെ പുതിയ ബിൽഡ് നടക്കും.
ചോദ്യം: ചിത്രങ്ങൾ Prism-ൽ ലോഡ് ആകുന്നില്ല, എന്നാൽ ഇതേ LaTeX മറ്റിടങ്ങളിൽ പ്രവർത്തിക്കുന്നു. ഉത്തരം: ഇംപോർട്ട് ചെയ്യുന്ന .tex ഫയലിനെ അടിസ്ഥാനമാക്കിയുള്ള ആപേക്ഷിക പാതകൾ ഉപയോഗിക്കുക. .tex ഫയൽ ഒരു ഉപഫോൾഡറിലും ചിത്രം പ്രോജക്റ്റിന്റെ റൂട്ട് ഫോൾഡറിലുമാണെങ്കിൽ, പാതയുടെ തുടക്കത്തിൽ ../ ചേർക്കുക.
ചോദ്യം: കംപൈലേഷൻ വളരെ മന്ദഗതിയിലാണ്, അല്ലെങ്കിൽ പൂർത്തിയാകുന്നില്ല. കാരണം എങ്ങനെ കണ്ടെത്താം? ഉത്തരം: കംപൈലേഷൻ വിജയിക്കുന്നതുവരെ ഭാഗങ്ങൾ കമന്റാക്കി മാറ്റുക (തുടർന്ന് ആ ഭാഗങ്ങൾക്കുള്ളിലെ ചെറിയ ഭാഗങ്ങളും). അതിനുശേഷം പ്രശ്നമുണ്ടാക്കുന്ന കൃത്യമായ വരിയിലേക്ക് പരിശോധന ചുരുക്കുക. കൂടാതെ, രേഖകളിലെ മുന്നറിയിപ്പുകളും പിശകുകളും ആദ്യത്തേതിൽനിന്ന് തുടങ്ങി പരിശോധിക്കുക.
ചോദ്യം: സൃഷ്ടിച്ച .bbl ഫയലിൽ “Underfull/Overfull \hbox” മുന്നറിയിപ്പുകൾ ലഭിക്കുന്നു. ഇത് കംപൈലേഷൻ പിശകാണോ? ഉത്തരം: അല്ല, ഇവ അക്ഷരവിന്യാസവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളാണ്, കംപൈലേഷൻ തടസ്സപ്പെടുത്തുന്ന പിശകുകളല്ല. ലഭിച്ച PDF കാണാൻ തൃപ്തികരമാണെങ്കിൽ, സാധാരണയായി ഈ മുന്നറിയിപ്പ് അവഗണിക്കാം.
ചോദ്യം: Beamer-ൽ, ഫ്രെയിമിനുള്ളിലെ lstlisting/listings എൻവയോൺമെന്റുകളിൽ പിശകുകൾ വരുന്നത് എന്തുകൊണ്ടാണ് (ഉദാ., “Extra }, or forgotten \endgroup”)? ഉത്തരം: ലിസ്റ്റിംഗ് എൻവയോൺമെന്റുകൾ ഉപയോഗിക്കുമ്പോൾ Beamer ഫ്രെയിം [fragile] എന്ന് അടയാളപ്പെടുത്തുക. ഇത് പലപ്പോഴും ഈ പിശകുകൾ പരിഹരിക്കും.
ചോദ്യം: എന്റെ .bib ഫയലും ഗ്രന്ഥസൂചി കമാൻഡുകളും ഉണ്ടായിട്ടും \cite അവലംബങ്ങൾ “[?]” എന്നാണ് കാണിക്കുന്നത്. പ്രവർത്തിക്കുന്ന ഒരു ക്രമീകരണം എന്താണ്? പ്രധാന പ്രമാണത്തിൽനിന്ന് ഗ്രന്ഥസൂചി ശരിയായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നത് വിജയകരമായ ഒരു പരിഹാരമാണ്. BibTeX രീതിയിലുള്ള പ്രവർത്തനക്രമങ്ങൾക്ക്, \bibliographystyle{plain}, \bibliography{refs} എന്നിവ ഉൾപ്പെടുത്തുക (നിങ്ങളുടെ ഫയൽ refs.bib ആണെങ്കിൽ).
ഉൽപ്പന്നത്തിന്റെ ഉപയോക്തൃ ഇന്റർഫേസും സവിശേഷതകൾക്കായുള്ള അഭ്യർഥനകളും
ചോദ്യം: Prism-ൽ ലൈറ്റ് മോഡ് ലഭ്യമാണോ? ഉത്തരം: അതെ. Prism മൂന്ന് രൂപഭാവ ക്രമീകരണങ്ങൾ പിന്തുണയ്ക്കുന്നു: സിസ്റ്റം, ലൈറ്റ്, ഡാർക്ക്. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ തീം തിരഞ്ഞെടുക്കാം.
